കുഞ്ഞിക്കുറുക്കന്റെ കല്യാണം

ണ്ടു പണ്ട്..മ്മടെ കണ്ടങ്കോരനാണ്
ഉപ്പിണിപ്പാടത്തെ പെരുവരമ്പില്‍ നിന്ന്
ചോരക്കണ്ണകളുടെ പുറവട്ടം ചുരുക്കി
കാറ്റിനെ കൈകൊട്ടി വരുത്തുന്നത്.

കൊട്ടോട്ടിക്കുന്നിന്റെ മടിയില്‍ നിന്ന്
ഝടുതിയിലൊഴുകിയിറങ്ങുമ്പോള്‍
പടിഞ്ഞാറന്‍ കാറ്റിന്റെ ചുണ്ടിലൂടെത്ര
പാല്‍ ചാലാണൊലിച്ചിറങ്ങുന്നത്.

തോരക്കുന്നിലും തൂക്കാരക്കുന്നിലുമെല്ലാം
ചുഴലിപിടിച്ച കരിങ്കാറുകള്‍ തീക്കായും
പൊടിവിതച്ച കണ്ടങ്ങളില്‍ പറന്നു വന്ന്
ഇടവമഴ തുള്ളിയിടുന്നതപ്പോഴാണ്.

ഞാറു നടുന്ന പെണ്ണുങ്ങള്‍ക്കിടയിലൂടെ
ബീഡിപ്പുകവളയങ്ങളില്‍ കുരുങ്ങിയ
നാടന്‍പാട്ടിന്റെ  ഈരടികള്‍ കേട്ടാലാണ്
ഞാറ്റുവേലകള്‍ തോട്ടുവരമ്പുകളിലെത്തുന്നത്.

രാപ്പകലില്ലാത്ത പെരുമഴയില്‍ മുങ്ങി
തോടും പാടവും ഒരു ചെങ്കടലാകും
കാളിപ്പെണ്ണും കണ്ടങ്കോരനും കടല്‍ തുഴഞ്ഞ്
ഒരോലക്കുടയില്‍ ആഴ്ച്ചച്ചന്ത കാണും

കണ്ടങ്കോരന്റെ പുലയടിയന്തിരം കഴിഞ്ഞ്
കതിര് കൊയ്യാന്‍ വന്ന കിളികള്‍ പറഞ്ഞു
കൊയ്ത്തില്ല മെതിയില്ല..കുന്നില്ല കുളമില്ല
നാടേതെന്നറിയില്ല..കാടേതെന്നറിയില്ല

പാറമടയിലെ കല്ലുകൊത്തലിനിടയിലൊരാള്‍
കാലം മാറിയ കഥകളോര്‍ത്ത് കരഞ്ഞു
വെയിലും മഴയും കനിയേണ്ട..
പൊന്നും പണവും കുറയേണ്ട..
കുഞ്ഞിക്കുറുക്കന്റെ കല്യാണത്തിന്..!










20 coment�rios

20 coment�rios :