ചില കവിതകള്‍
Loading...

My Blog List

സോഷ്യല്‍ സൈറ്റ്‌

BLOGS

test

Jaalakam

ആഴം കവിത 
ഓർമ്മകളുടെ
തിരുവോണപ്പുലരിയില്‍
ചാണകമെഴുകിയൊരുമ്മറത്തിണ്ണയിൽ
തേച്ചുകഴുകിവച്ച ഒരോട്ടുകിണ്ടിയുടെ
പൊൻ തിളക്കം.

മനസ്സിൻ നടുമുറ്റത്തു വരച്ച
വാടാപ്പൂക്കളത്തിനിപ്പോഴും  
അയൽപ്പക്കത്തെ
ഒരമ്മച്ചിരിയുടെ
മുഖവട്ടം.

പൂമുഖത്ത് വിളമ്പിവച്ച
വാഴയിലയിലെ
വിഭവസമൃദ്ധികളിൽ
വായിൽ വെളളമൂറുന്ന
വാൽസല്യക്കൊതി. 

ശ്രീകോവിലും
മഹാനിധിയുമില്ലെങ്കിലും
ചിലരുടെ മനസ്സിലേക്ക് നമ്മള്‍
ശിരസ്സു നമിച്ചു തന്നെ കടക്കണം.

സ്നേഹത്തിന്റെ തുളസീസുഗന്ധവും
നന്മയുടെ സൂര്യദീപ്തിയുമുള്ളപ്പോള്‍
തുറന്ന നിലവറയില്‍ നമുക്ക്‌
കടന്നു കയറാനെളുപ്പം.

അച്ചില്‍ വാര്‍ത്തപോലൊരു
ചിരിത്താഴിലൊളിപ്പിക്കുമ്പോള്‍ ,പക്ഷെ
അതിന്റെയുള്ളിലെ
ദുരിതപാതാളങ്ങളിലേക്കൊരിക്കലും
എത്ര വാമനച്ചുവടുകള്‍ വച്ചാലും
നമ്മൾ നടന്നെത്തില്ല.