ഒരുപാട്




ഒരു  മഴപെയ്താലും പാട്
പെരുമഴ  പെയ്താലും പാട്
പുര  പെയ്താലതിലേറെ പാട്
പുറത്തറിയും മുറിപ്പാട്.

ഒരുപിടിയരിയുടെയന്നം
അതു വച്ചുവിളമ്പുന്ന ജന്മം
അരി വെന്തുതീരാനും പാട്
അകം വെന്താലാറാനും പാട്.

ഒരു പനി കൂടെയുണ്ടെന്നും
മറുപടി വായിലുണ്ടെന്നും
പണിതരുമ്പോളൊരുപാട്
പണം തരുമ്പോള്‍ വഴിപാട്

ഒരു  പൊന്നിന്‍ ചിരിയുണ്ട് കാതില്‍
ഒരു കോടിക്കസവുണ്ട് നെഞ്ചില്‍
പുര നിറഞ്ഞോളെന്നു പേര്
തല തിരിഞ്ഞോളല്ല,നേര്.

വല്ലോരും വന്നാലും ചോദ്യം 
നല്ലോരു വന്നാലും ചോദ്യം 
എന്തു കൊടുക്കുമെന്നാദ്യം 
എല്ലാം കൊടുക്കുവാന്‍ മോഹം.

ചോദ്യങ്ങള്‍  പുരവട്ടം ചുറ്റും 
ഉത്തരം പലവട്ടം മുട്ടും.
ഉത്തരം കാണുമ്പോള്‍ ഞെട്ടും 
ഉള്ളിലെ കെട്ടെല്ലാം പൊട്ടും.

ഒരുമുഴം കയറപ്പോള്‍ കണ്ണില്‍ 
ഒരു ഭയം കടലോളമുള്ളില്‍
വീണ്ടും വിചാരമുദിക്കും,ഒരു
വിശ്വാസമുള്ളില്‍ പുതുക്കും 

ഇഹലോകം വാടകവീട്
പരലോകമെന്‍ തറവാട്.


21 coment�rios

21 coment�rios :

പരിണാമം

കലില്‍ പൊള്ളും
അനുഭവങ്ങള്‍  
രാത്രിയില്‍ പുത്തന്‍
പരിഭവങ്ങള്‍
മഴയില്‍  മഞ്ഞില്‍ കാറ്റില്‍
പൊതു പരാതികള്‍
കാലത്തിന്‍റെ വഴികളില്‍
കലിയുടെ പ്രളയച്ചുഴികള്‍
കയങ്ങളില്‍ താഴുമ്പോള്‍
കരങ്ങളില്‍ ജീവാനുഗ്രഹങ്ങള്‍ .

പച്ചപിടിച്ച ജീവിതമൊരു 
പരീക്ഷണശാലയില്‍
കിടന്നു  പഴുക്കുമ്പോള്‍
ഭയാതിശയങ്ങള്‍ക്കെല്ലാം
രാസപരിണാമങ്ങള്‍
കൌമാരക്കാഴ്ച്ചകളില്‍
ജരാനരകള്‍ .

ഒടുവില്‍ ,
മിന്നലിലാകാശമുരുകാത്തത്
ഇടിനാദത്തിന്‍റെ ചുണ്ടുകള്‍
ദൈവത്തോട് 
യാചിക്കുമ്പോഴാണെന്നു
തിരിച്ചറിയുമ്പോള്‍
ഒരു പൂമരപ്പൊക്കത്തില്‍  നിന്നും
താഴേക്കുതിര്‍ന്നു വീഴുന്നു.
പിന്നെ,
ഒരു പുല്‍ക്കൊടിക്കൊപ്പം 
കിടന്ന്
പ്രാര്‍ഥനകളില്‍ വളരുന്നു.



  
15 coment�rios

15 coment�rios :