വെളുത്ത കാക്ക

റ്റൂരിലെ ഓട്ടോ സ്റ്റാന്‍ഡില്‍
മണ്ണിലും മഴയിലും കുളിച്ച് 
ഒരാലും ചുവട്ടിലുണ്ട് ഒരാളും.
കുപ്പിവെള്ളത്തിന്‍റെ കുപ്പിയിലും, 
കുണ്ടിലാണ്ട കണ്ണിലും, ഒട്ടും
വെള്ളവും വെളിച്ചവുമില്ലാതെ,
ഒരാഴ്ച്ച രണ്ടാഴ്ചയായത്രെ;
ഒരേയിരിപ്പും കിടപ്പും.
ഒന്നു കൊടുത്താലും കഴിക്കില്ലെന്ന്  
ഓട്ടോക്കാരില്‍ സംസാരം.

രണ്ടു കൊടുത്താലെങ്കിലും
ഇന്നു വല്ലതും നടക്കും.
ഒരു വെള്ളക്കുപ്പായത്തിനുള്ളില്‍   
വഴി തെറ്റി വന്നപോലുണ്ട്, ചിരി.
കണ്ടാലറിയാം ആളൊരു "കാക്ക"
വണ്ടീം വലയ്ക്കും 
പോണ്ടിക്കായെന്നൊരു താക്കീതും  
കൂട്ടം കൂടി കണ്ടു നില്‍ക്കുന്നുണ്ട് .

അമ്പതിന്‍റെ നോട്ടു മാറ്റിയെടുത്തു 
കിട്ടിയ കുപ്പിവെള്ളവും റൊട്ടിയും 
കുത്തിയിരിക്കുന്നു, 
മുന്നിലുള്ള കുത്തഴിഞ്ഞ 
മുണ്ടുടുപ്പിച്ചു;
ഒട്ടുമുക്കാലും നരച്ചവന്‍റെ 
ജട മാറ്റി,മുഖം പുറത്തെടുത്തു,
റൊട്ടി മുറിച്ചു കൊടുക്കുന്നുണ്ട്.
തിന്നാന്‍ മടിച്ച തലയുയര്‍ത്തി 
ചിരിയോടെ ടോ..ടോ..തിന്നെടോ
ആട്ടിയകറ്റുന്നുണ്ട് വിശറിക്കയ്യാല്‍ 
ഈച്ചക്കൂട്ടത്തെ
ഒരു പത്തു വട്ടമെങ്കിലുമിങ്ങനെ.
(വശം കെട്ടു കാണും
കണ്ടു നില്‍ക്കുന്നവര്‍).
 
കുപ്പിവെള്ളം ഇറ്റിയിറ്റിറങ്ങിയ
ചങ്കിലൂടെ റൊട്ടി താണുപോയ വഴി
ഒട്ടിയ വയറ്റില്‍ ഒരു എന്‍എച്ച് പോലെ.
കുണ്ടില്‍ കിടന്നു തിളങ്ങുന്നുണ്ട് കണ്ണുകള്‍  
ചുണ്ടില്‍  കുടിവച്ച കുഴഞ്ഞ ചോദ്യം.
"അല്ലപ്പാ..ഇങ്ങള് ആരാ.."
വഴി കണ്ടെത്തിയ ധൃതിയില്‍ 
ഉത്തരം മറന്നു പോയതാവാം.
അല്ലെങ്കിലീ  ചോദ്യം സ്വയം തൊടുത്തു 
കാക്ക പറന്നു പോയതാകാം. 

മുഷിഞ്ഞ കീറത്തുണിയില്‍ എത്ര 
മുഖം തുടച്ചിട്ടും പോകാത്തൊരെച്ചില്‍
ച്ചുണ്ടില്‍ പറ്റിപ്പിടിച്ചൊരു ചോദ്യം.
ഇരുന്നും കിടന്നും ചികയുന്നുണ്ട്
ഇടം കൂടി നില്‍ക്കുന്ന മുഖങ്ങളില്‍.
കണ്ണെത്താവുന്ന  
കാതങ്ങള്‍ താണ്ടുന്നുണ്ട്
കയറിയിറങ്ങുന്ന വണ്ടികള്‍
തിരയുന്നുണ്ട്

അകക്കണ്ണില്‍ കണ്ട കൊടികളില്‍
ആള്‍പ്പൊക്കത്തില്‍ ചിരിക്കും  
ചിന്ഹങ്ങളില്‍
അക്കൂട്ടത്തില്‍..
ഇക്കൂട്ടത്തിലടയാളത്തില്‍
കിടന്നലയുന്നുണ്ടയാള്‍ .
ഉത്തരം കിട്ടാതൊടുവില്‍
പല കണ്ണകളില്‍ ചോദ്യം
വായിച്ചു വലയുന്നുണ്ട്!
ഉത്തരം കിട്ടാതൊടുവില്‍
മനസ്സ് ആലിന്‍ കൊമ്പത്തു
തൂങ്ങിക്കിടന്നാടുന്നുണ്ട്.


2 coment�rios :

2 അഭിപ്രായങ്ങൾ:

  1. അസ്വസ്ഥമാകുന്നു ഈ ഇരുപ്പ്! താങ്കളുടെ കവിത ഇത് കണ്ടല്ലോ!

    മറുപടിഇല്ലാതാക്കൂ
  2. സങ്കടകരംതന്നെ. തീവ്രമായ ഭാഷയിൽ അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.