ഗോപുര വിശേഷങ്ങള്‍

gopurangal

മണ്ണിൽ പിറക്കുമ്പോഴേക്കും
മാനത്ത് മുട്ടാന്‍ തുടങ്ങുന്നു;  
മനസ്സിൽ കെട്ടിപ്പൊക്കുന്ന
നക്ഷത്ര ഗോപുരങ്ങള്‍

പകല്‍ക്കിനാവില്‍ പടച്ചുണ്ടാക്കുന്ന
രാക്ഷസ ഗോപുരങ്ങള്‍
പട്ടുമെത്തയിൽ കിടന്നു പല്ലു മുളച്ച   
പൂതനാ ഗൃഹങ്ങള്‍

ചുമരിലെന്നും തോരണം ചാര്‍ത്തിയ
ചില വര്‍ണ്ണമാളികകളില്‍ , 
ചുറ്റിനടന്നു നോക്കിയാല്‍  ചിത്രം ദാരുണം;
കാരുണ്യ രഹിതം.

കതകു തുറന്നാല്‍ കാനനസ്പര്‍ശമുള്ള
കാഴ്ച്ചബംഗ്ലാവുകളില്‍  
കണ്ണൊന്നു തെറ്റിയാല്‍
വാനര ശല്യം.

മലപോലെ വളര്‍ന്നിട്ടും മുഖം തെളിയാതെ  
ചില ബഹുനില മന്ദിരങ്ങള്‍ .
അനുഭവക്കടലിലസ്തമിക്കുന്ന
അഹം ഭാവങ്ങള്‍ .

മണ്ണില്‍ നിലംപൊത്തിപ്പോയ
മഹാ ഗോപുരാവശിഷ്ടങ്ങള്‍  
മനസ്സില്‍ ചുമന്നു കഴിയുന്നുണ്ട്
ചില മാതൃകാ ഭവനങ്ങള്‍ .
രാപ്പകലുകളില്ലാതുള്ളിലൊരു
കാല്‍ത്തളയുടെ കിലുക്കം.
പായല്‍ച്ചുമരുകളിലതിന്റെ
പരിദേവനപ്പഴക്കം.

കാലപ്പഴക്കം കൊണ്ട് കരിപിടിച്ചവ 
കടത്തിണ്ണകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടവ
നാവില്‍ സദാ ദൈവനാമങ്ങളോടെ
നാലുകെട്ടുകളില്‍ നാളെണ്ണുന്നവ.

ചിലതിലൊരിക്കലുമുണ്ടാവില്ല 
ചിതലിന്നാസുര കാമനകള്‍ .
ഏകാന്തതയില്‍ കാവലിനില്ലതിന്‍
കാഴ്ച്ചയില്‍  കൊത്തുപണികള്‍ .
മുകളില്‍ ആകാശ മേലാപ്പും
മൂര്‍ദ്ധാവില്‍ ജീവിത മാറാപ്പും.
കാലുഷ്യമില്ലതിന്‍ കണ്ണുകളില്‍ .
കാംക്ഷകളില്ലതിന്‍ പ്രാര്‍ത്ഥനയില്‍ .

14 coment�rios

14 coment�rios :